4 minute read

ആ സമയങ്ങളില്‍ ഞാനെന്റെ എട്ടുമണിക്കൂര്‍ ഉറക്കത്തെ രണ്ടു മണിക്കൂര്‍ വീതമുള്ള നാലു ‘കൊച്ചുറക്കങ്ങളായി’ വിഭജിച്ചിരുന്നു. പുലര്‍ന്നാലുള്ള സുപ്രനുറക്കത്തിനു ശേഷം രണ്ടാമത്തെ കാല്‍ക്കഷ്ണമായ ഉച്ചയുറക്കത്തിലാണ് ആദ്യമായി ഞാന്‍ മഞ്ഞ കണ്ടത്.

this is a header image

മൂന്നാം ദിവസം

മഞ്ഞ! അത് മഞ്ഞയാണ്.

എന്റെ സ്വപ്നങ്ങളിൽ നിറങ്ങളുണ്ട്. റോഡിന്റെ മറുവശത്തെ, വലിയ ഫ്ളാറ്റിനു മുന്നിൽ നിർത്തിയിട്ടിരുന്ന ഒരു പറ്റം കാറുകളിലൊന്നിന്റെ നിറം കടുംമഞ്ഞയായിരുന്നു. വർണാന്ധതയുള്ള എനിക്ക് സ്വപ്നങ്ങളിൽ നിറങ്ങൾ തിരിച്ചറിയാൻ കഴിയുമെന്ന് അന്നാണ് മനസിലായത്.

മധ്യപ്രദേശിലെ മൊറേന ജില്ലയിൽ നിന്നുവരുന്ന മോഹിത് ച്ഛാരി ആയിരുന്നു ഹോസ്റ്റൽ റൂംമേറ്റ്. ഉറക്കത്തിൽ ഞാൻ ഒരുപാട് സംസാരിക്കുന്നുണ്ടെന്ന് കണ്ടുപിടിച്ചതും അവനായിരുന്നു. പലപ്പോഴും ഞാനെന്താണ്, ഏത് ഭാഷയിലാണ് സംസാരിക്കുന്നതെന്നൊക്കെ മനസിലാക്കാൻ മോഹിത് ശ്രമിച്ചിട്ടുണ്ട്.

വൈറസിന്റെ നിറം

ഹോസ്റ്റൽ മെസ്സിലെ രണ്ടു ഗ്ലാസ് തണുത്ത ലസ്സി, ഒരു ചാത്തൻ ജോയിന്റ്, അത്രേം ആയിരുന്നു അന്നത്തെ ‘ലൂസിഡ് ഡ്രീം ഫെസിലിറ്റേറ്റർസ്’. ആ സമയങ്ങളിൽ ഞാനെന്റെ എട്ടുമണിക്കൂർ ഉറക്കത്തെ രണ്ടു മണിക്കൂർ വീതമുള്ള നാലു ‘കൊച്ചുറക്കങ്ങളായി’ വിഭജിച്ചിരുന്നു. പുലർന്നാലുള്ള സുപ്രനുറക്കത്തിനു ശേഷം രണ്ടാമത്തെ കാൽക്കഷ്ണമായ ഉച്ചയുറക്കത്തിലാണ് ആദ്യമായി ഞാൻ മഞ്ഞ കണ്ടത്.

സ്റ്റഡി ടേബിളിൽ മുഷിഞ്ഞ തുണികൾ നിറഞ്ഞുകിടക്കുകയാണ്. അതിന്റെ വലത്തേയറ്റത്തെ മൂലയിൽ, തുറന്നുവച്ച ഡ്രീം ജേർണലിന്റെ, ഡേ15 എന്നെഴുതിയ പേജിലാണ് പാതി ക്രഷ് ചെയ്തുവച്ച ചാത്തനിരുന്നത്.

സ്വപ്നങ്ങൾ വളരെ വിചിത്രമാണ് ശക്തവും! പ്രത്യേകിച്ച് നാം നിർമ്മിക്കുന്ന സ്വപ്നങ്ങൾ. ഇതു തന്നെയൊന്നു നോക്കൂ, അഞ്ച് വർഷങ്ങൾക്ക് മുമ്പ് കണ്ടൊരു സ്വപ്നവും അതിനെ ചുറ്റിപ്പറ്റിയുള്ള കഥകളുമാണ് ഇന്നെന്റെ സ്വപ്നത്തിൽ അവിചാരിതമായി കടന്നുവന്നത്.

ഈ ചുമരുകൾ നൽകുന്ന സുരക്ഷിതത്വവും സമാധാനവും വരും ദിവസങ്ങളിലും ഉണ്ടാവുമെന്ന് ഏതാണ്ട് ഉറപ്പാണ്. ഉള്ളിലേക്ക് ചുരുങ്ങി പ്രപഞ്ചത്തോളം വികസിക്കാനുള്ള സാധ്യതകൾ തുറന്നുതരുന്ന അത്തരം സ്വപ്നങ്ങളിലൂടെ സഞ്ചരിക്കുക തന്നെ!

സ്ഥലകാലപരിമിതികൾക്കും, സാമാന്യബോധത്തിനുമപ്പുറത്തേക്കുള്ള ചില യാത്രകൾ…

നാലാം ദിവസം

നിർമ്മിതിയുടെ നിയമങ്ങളെല്ലാം ഇവിടെയും ബാധകമാണ്. കൃത്യമായ തിരഞ്ഞെടുപ്പുകൾ സാധിച്ചെന്നുവരില്ല. പലപ്പോഴും സ്വപ്നങ്ങളുടെ ഒരേകദേശ ചട്ടക്കൂട് നിർമ്മിക്കാനേ നമുക്ക് കഴിയുകയുള്ളൂ. അതിനകത്ത് കുറച്ചൊക്കെ സ്വാതന്ത്ര്യമുണ്ട്. സങ്കീർണ്ണവും മനോഹരവുമായ നിർമ്മിതികൾക്ക് ഒരു നല്ല ശില്പിയുടേതെന്ന പോലെ പരിശീലനവും സർഗാത്മകതയും ആവശ്യമാണ്.

പതിനാലാം നൂറ്റാണ്ടിലെ വടക്കുപടിഞ്ഞാറൻ യൂറോപ്പിലെവിടെയോ ആണ് ഞാനിപ്പോഴുള്ളത്. സിമ്മിലിട്ട ഗ്യാസടുപ്പു പോലെ ശാന്തമായി കത്തുന്ന തെരുവുകൾ ചുറ്റും കാണാം.

‘തീനാളം മഞ്ഞ നിറമാണെങ്കിൽ’? എട്ട് ബി ക്ലാസ്സിൽ, ആൺകുട്ടികളുടെ സൈഡിൽ, രണ്ടാമത്തെ ബെഞ്ചിൽ വലത്തേയറ്റത്തിരുന്ന എന്നെ ചൂണ്ടി ഡൊമിനിക് മാഷ് ചോദിച്ചു.

‘സർ, അത് പദാർത്ഥങ്ങളുടെ ഭാഗികമായ ജ്വലനത്തെയും താരതമ്യേന കുറഞ്ഞ താപനിലയെയും സൂചിപ്പിക്കുന്നു.’

മാഷ് തലേ ദിവസം പഠിപ്പിച്ചത് അന്നും ഇന്നും വ്യക്തമായി ഓർത്തെടുക്കാൻ കഴിയുന്നുണ്ട്. നീലയാണെങ്കിലോ? അടുത്ത ചോദ്യം സ്വാഭാവികമായും പെൺകുട്ടികളുടെ ഭാഗത്തേക്കാണ് പോയത്.

അല്പനേരം ഓർമകളിൽ കുടുങ്ങിപ്പോയി ഞാൻ. എന്റെ മനസ്സിലുണ്ടായിരുന്ന യൂറോപ്പിന്റെ ചിത്രം മറ്റെന്തോ ആയിരുന്നില്ലേ? ഇനിയും അവിടെ തന്നെ നിൽക്കാൻ വയ്യ. ചരിത്രത്തിന്റെ അസ്വസ്ഥകൾ അലട്ടി തുടങ്ങും മുമ്പ് അവിടം വിട്ട് പോകണം.

കുറെയേറെ ദൂരവും കാലവും ചാടിക്കടന്ന് ഞാൻ ലണ്ടൻ നഗരത്തിലെത്തി. 1666 സെപ്റ്റംബർ 16ാം തീയതിയെന്ന് കൈയ്യിലുള്ള മൊബൈൽ കലണ്ടർ കാണിച്ചു തന്നു. മഹാമാരി പടർത്തിയ കറുത്ത എലികൾക്കും ഈച്ചകൾക്കുമൊപ്പം മഞ്ഞത്തീയിൽ കത്തിനിൽക്കുന്ന ചരിത്രത്തിന്റെ ചൂടെനിക്ക് നല്ലപോലെ അനുഭവപ്പെട്ടു.

ഒരുപക്ഷേ ചരിത്രത്തിൽ നിന്ന് ഈ പാഠം ഉൾകൊണ്ടിട്ടാവണം 1890 കളിൽ ബോംബെയിൽ പ്ലേഗ് വ്യാപിച്ചപ്പോൾ ബ്രിട്ടീഷുകാർ തെരുവുകൾക്ക് തീവെച്ചത്! എവിടെയോ വായിച്ചതാണ്, ഓർത്തപ്പോൾ സ്വപ്നവുമായി കണക്ട് ചെയ്യാൻ ഞാനൊരു ശ്രമം നടത്തി.

അന്നുമുഴുവൻ ഞാൻ ചരിത്രത്തിലൂടെ തലങ്ങും വിലങ്ങും നടന്നു. പശ്ചിമേഷ്യയിൽ പ്ലേഗ് പടർന്നപ്പോൾ ഒരു കൂസലുമില്ലാതെ കൈ വീശി നടന്ന ഇബ്ൻ ബത്തൂത്തയെപ്പോലെ…

ആറാം ദിവസം

അന്ന് ചരിത്രത്തിലേക്കല്ല നടന്നു കയറിയത്…വർത്തമാനത്തിലേക്കാണ്. അനന്തതയോളം നീണ്ടുകിടക്കുന്ന റോഡ്. അതിൽ മരീചിക കാണാം. ഒരു കൂട്ടം ആൾക്കാർ എനിക്കെതിരെ നടന്നുവരുന്നു.

ആരോ വന്നൊരു വര വരച്ച്, അതിനിരുപുറത്തേക്കും കുറേ ആളുകൾ നടന്നിട്ടിപ്പോൾ പത്തെഴുപത്തഞ്ചു വർഷങ്ങളായി. പത്രങ്ങളിൽ വരുന്ന ഇത്തരം ലോംഗ് മാർച്ചുകളുടെ ചിത്രങ്ങൾ… ബ്ലാക്ക് ആൻഡ് വൈറ്റിൽ നിന്ന് കളറിലേക്ക് അപ്ഗ്രേഡായി എന്നതാണ് ആകെ കാണാവുന്നൊരു മാറ്റം.

‘ഭയ്യാ…ആപ് ലോക് കിധർ ജാ രഹാ ഹോ?’ മുന്നിൽ കണ്ട ചെറുപ്പക്കാരനോട് ഞാൻ ചോദിച്ചു.

‘ഘർ’ അയാളുടെ കുഴിഞ്ഞ കണ്ണുകൾ ദൂരേയ്ക്കു ചൂണ്ടി. അതിൽ നിസ്സഹായത തളം കെട്ടിയിരുന്നു.

ഭായിയുടെ പിറകിൽ, അഞ്ച് വയസ്സ് തോന്നിക്കുന്ന മകളുടെ കൈയ്യും പിടിച്ചാണ് ഭാര്യ നടക്കുന്നത്. രണ്ടുപേരുടെയും കാലുകൾ മാഗി നൂഡിൽസുപോലെ കുഴഞ്ഞിരിക്കുന്നുണ്ടോ? ഉണ്ടെന്നെനിക്ക് തോന്നി.

അയാളുടെ തലയിലെ വെള്ളച്ചാക്കിന്റെ തുളയിലൂടെ ഒരു ചപ്പാത്തിക്കോല് പുറത്തേക്ക് ഏന്തി നിന്നു. വലത്തേ കൈകൊണ്ട് അതിനെ തള്ളി അകത്താക്കി ഇടതുകയ്യിൽ മകനെ ചേർത്തുപിടിച്ച് നടക്കുന്ന അയാളുടെ ചിത്രം ഒരു ‘ഗ്രേറ്റ് ഇന്ത്യൻ ബാലൻസിംഗ് ആക്ടി’നെ ഓർമിപ്പിച്ചു.

മകന്റെ ട്രൗസറിന്റെ കട്ടി കുറവായതുകൊണ്ടാവണം അൽപം മഞ്ഞ അയാളുടെ തഴമ്പിച്ച കൈപ്പത്തിയിലേക്കും പടർന്നിട്ടുണ്ട്.

ട്രാക് സ്യൂട്ടിന്റെ പോക്കറ്റിൽ കൈയ്യിട്ടപ്പോൾ എന്തോ തടഞ്ഞു. നാരങ്ങയുടെ മണമുള്ള ആ ഹാൻഡ് സാനിറ്റൈസർ അയാൾക്ക് നേരെ നീട്ടണോ? ഒരു നിമിഷം ഞാനതാലോചിച്ചങ്ങനെ നിന്നു. വേണ്ട! ഞാൻ തിരിഞ്ഞു നടന്നു(കിടന്നു).

ഒമ്പതാം ദിവസം

‘റോമാ നഗരം കത്തിയെരിഞ്ഞപ്പോൾ വയലിൻ വായിച്ചുകൊണ്ടിരുന്ന ചക്രവർത്തിയുടെ പേരെന്ത്?’ 1000 പി.എസ്.സി ചോദ്യോത്തരങ്ങളുമായി, ബസിൽ പുസ്തകം വിൽക്കാൻ വന്ന ചേട്ടൻ നമ്മെ പഠിപ്പിച്ച ചരിത്രം തെറ്റാണ്.

അല്ലെങ്കിലും ചരിത്രത്തിൽ നിന്നും നാമൊന്നും പഠിക്കുന്നില്ല. നീരോ ചക്രവർത്തിക്ക് ശേഷം എത്രയോ കാലം കഴിഞ്ഞാണ് വയലിൻ ഉണ്ടായത്. ഭരണകൂടങ്ങൾ പ്രതിസന്ധികളെ സമീപിക്കുന്ന രീതിയിലും ഒരു മാറ്റവും വന്നിട്ടില്ല.

ക്ഷമിക്കണം. ഞാൻ പോകുന്നത് നീരോ ചക്രവർത്തിയുടെ റോമിലേക്കല്ല. മാർക്കസ് അറേലിയസിന്റെ റോമാ നഗരത്തിലേക്കാണ്.

വലിയൊരു പീഠത്തിനുമുകളിൽ കയറി നിന്ന്, ഷാൾ മടക്കിയിട്ട ഇടതുകൈ മുന്നോട്ടുവച്ച്, വലതുകൈ കൊണ്ട് ഭംഗിയായി മുകളിലേക്ക് കൈവീശി തെളിഞ്ഞ ശബ്ദത്തിൽ, അവിടെ കൂടിനിന്നവരോടായി അറേലിയസ് പറഞ്ഞു.

‘ദുരന്തങ്ങളെ മുഖാമുഖം നേരിടേണ്ടി വന്നേക്കാം. ചിലപ്പോൾ മരണത്തെയും. എന്നാൽ ഒന്നോർക്കണം. ജനിച്ചതു മുതൽ മരണം നിങ്ങളുടെ കൂടെത്തന്നെയുണ്ട്’.

ആൾക്കൂട്ടത്തിനിടയിൽ ഒളിച്ചിരിക്കുകയാണ് ഞാൻ. ചുറ്റുമുള്ളവരെ തള്ളി മാറ്റി, ഇടയിലൂടെ മുന്നോട്ട് നടന്ന്, ഞാനൊരു പ്രാക്ടീസിങ് സ്റ്റോയിക്കാണെന്ന് ഉച്ചത്തിൽ വിളിച്ചു പറഞ്ഞാലോ? വേണ്ട, ഇവിടെ കേറി ഇടപെടുന്നത് ശരിയല്ല. പലതവണ ദീർഘശ്വാസമെടുത്ത്, മനസിനെ ഏകാഗ്രമാക്കി ഞാൻ വീണ്ടും ശ്രദ്ധ കൊടുത്തു.

‘ഇതെല്ലാം പണ്ട് നടന്നതാണ്. ഇനിയും ഇതാവർത്തിക്കാം. കരുതലാണ് മുഖ്യം’.അദ്ദേഹം പറഞ്ഞു നിർത്തി.

ട്രാഫിക് സിഗ്നലുകളിലെ മഞ്ഞ, പച്ചയ്ക്കും ചുവപ്പിനുമിടയിലെ തെല്ലിടനേരമാണ്. റോഡിൽ മഞ്ഞ കണ്ടാൽ വേഗത കുറയ്ക്കണം. ആപത്ത് പതുങ്ങിയിരിക്കുന്നുണ്ടാവാം. കരുതൽ വേണം.

‘അമ്മേ, ഞാൻ പിന്നെ വിളിക്കാം…’

ഫോൺ കട്ട് ചെയ്ത് ചെരിഞ്ഞുകിടന്നു. പക്ഷേ ഞാൻ തിരിച്ചെത്തിയപ്പോഴേക്കും, റോം മാർക്കസ് അറേലിയസിനെയും, മാർക്കസ് അറേലിയസ് റോമിനെയും വിട്ട് പോയിരുന്നു.

പതിനൊന്നാം ദിവസം

കലണ്ടറിൽ ഇല്ലാത്ത ഒരു ദിവസമായിരുന്നു അത്. പൂർണമായ ഓർമ്മകൾ ഒന്നും തന്നെയില്ല. കുറച്ചു ദിവസങ്ങൾക്ക് മുമ്പ് നടന്ന ഒരു സംഭാഷണത്തിന്റെ ചുരുക്കം ചില ഓർമക്കഷ്ണങ്ങളാണ് വരണ്ട മനസ്സിൽ കുറച്ചെങ്കിലും പറ്റിനിന്നത്.

‘തന്നെക്കൊണ്ട് പതിനാലു ദിവസമൊന്നും അങ്ങനെ ഇരിക്കാൻ പറ്റില്ല’. ഫോണിലൂടെ അവളെന്നെ ചലഞ്ചു ചെയ്തു.

‘ഓഹോ, അങ്ങനെയാണോ? അപ്പൊ ഞാൻ പതിനാലു തികച്ചാലോ?’ എന്റെ മറുപടി പെട്ടെന്നായിരുന്നു.

‘കംപ്ലീറ്റ് ചെയ്താൽ തനിക്കൊരു കോഴി ബിരിയാണി വാങ്ങിത്തരും. മാഷേ, എന്തും സംഭവിക്കാട്ടോ, ചിലപ്പോൾ താൻ ചത്ത് പോയേക്കാം!’

അവൾ ഫോൺ വച്ചപ്പോൾ ഇത്തിരി ആശങ്കയും ബാക്കിയായി. അല്ലെങ്കിലും ഭാവി അത്തരം പ്രതീക്ഷകൾക്കും ആശങ്കകൾക്കും ഇടയിലാണല്ലോ നിലകൊള്ളുന്നത്. ബിരിയാണി കിട്ടുമെന്ന പ്രതീക്ഷയ്ക്കും കിട്ടില്ലെന്ന ആശങ്കയ്ക്കും നടുവിൽ ഭാവിയെ ചുറ്റിപ്പറ്റിയുള്ള അനന്തസാധ്യതകൾ വട്ടം കറങ്ങി.

പതിമൂന്നാം ദിവസം

‘ഡാ ബ്രേക്ഫാസ്റ് സ്റ്റെപ്പിൽ വച്ചിട്ടുണ്ട്.’

ആ കോൾ വന്നപ്പോഴാണ് ഞാനെഴുന്നേറ്റത്. ഉപ്പുമാവിന്റെയൊപ്പം അന്നത്തെ പത്രവുമുണ്ടായിരുന്നു. മേശപ്പുറത്ത് അലക്ഷ്യമായി ഇട്ടിരുന്ന പുസ്തകങ്ങൾ നീക്കി ലാപ്ടോപ്പ് മടക്കി, കീബോർഡ് അതിനു മുകളിൽവെച്ച്, പത്രത്തിനും ഉപ്പുമാവ് പാത്രത്തിനും ഞാൻ സ്ഥലമൊരുക്കി.

ഉപ്പുമാവ് ഉരുളകളാക്കി കഴിക്കുന്നത് ചെറുപ്പം മുതലേ ഉള്ളൊരു ശീലമാണ്. ആദ്യത്തെ ഉരുളയിൽ ഒരു കറിവേപ്പില വലിഞ്ഞു കേറിയിട്ടുണ്ടായിരുന്നു. അത് വായിൽ നിന്നെടുത്ത്, വലതു വശത്തിരിക്കുന്ന പത്രത്തിലേക്ക് ഒന്ന് കണ്ണ് പായിച്ചപ്പോഴാണ് ആ ഫോട്ടോ ശ്രദ്ധയിൽപെട്ടത്.

‘തിയോഡോർ ഗെരികൾട്ടി’ന്റെ ‘അനാട്ടമിക്കൽ പീസസ്’ എന്ന ചിത്രത്തെ ഓർമപ്പെടുത്തുന്ന തരത്തിലൊന്ന്. റെയിൽവേ ട്രാക്കിൽ അങ്ങിങ്ങായി ചിതറിക്കിടക്കുന്ന കുറേ ചെരുപ്പുകൾക്കും ചുട്ടുപഴുത്ത മെറ്റലുകൾക്കിടയിലൂടെ നീണ്ടുപോയ ചുവന്ന രേഖകൾക്കും പത്തോളം വരുന്ന ഉണങ്ങിയ ഫുൽക്ക റൊട്ടികൾക്കുമിടയിൽ, മഞ്ഞ പടർന്ന ഒരു കുഞ്ഞു ട്രൗസർ കണ്ടത് പോലെ തോന്നി.

അന്നത്തെ മുഴുവൻ വാർത്തകളും രണ്ടു തവണയെങ്കിലും വായിച്ചതുപോലെ. ഉരുളകൾ പെട്ടെന്ന് തീർത്ത്, ആ പത്രം ഇനി കാണേണ്ടതില്ല എന്നുറപ്പിച്ച്, പഴയ പത്രക്കെട്ടുകൾക്കിടയിൽ തിരുകിവെച്ചു. ഒരുതരം വീർപ്പു മുട്ടൽ. വയറു നിറഞ്ഞതിന്റെയാവും! അന്ന് കണ്ട സ്വപ്നങ്ങൾക്ക് പതിവിലധികം ഭാരവുമുണ്ടായിരുന്നു.

പതിനാലാം ദിവസം

‘എടാ, താഴേക്കിറങ്ങി വാ, ബിരിയാണി കഴിക്കാം’

ഫോൺ കട്ട് ചെയ്ത് വീണ്ടും കിടക്കുന്ന ആ പതിവിനു ഞാൻ മുതിർന്നില്ല. എഴുന്നേറ്റിരുന്ന് രണ്ടു കണ്ണുകളും അമർത്തി തിരുമ്മി. നാലുമണിയെങ്കിലും ആയി കാണും, നല്ല വിശപ്പുമുണ്ട്.

ഇത് കൊള്ളാലോ! ഞാൻ പറയാതെ തന്നെ, ഭാവിയെക്കുറിച്ചുണ്ടായിരുന്ന എന്റെ പ്രതീക്ഷകൾ ഇവർ തിരിച്ചറിഞ്ഞു. ഏതോ സ്ഥലകാല സൂചികയിൽ നിന്നും ഞാൻ മണ്ണിലേക്കിറങ്ങി. മൂക്ക് വഴി വയറിലേക്കെത്തിയിരുന്ന ബിരിയാണിയുടെ വിളി എന്നെ മുന്നോട്ട് നടത്തിച്ചു.

‘ഡാ, നമുക്കൊന്ന് നടക്കാൻ പോയാലോ?’ ബിരിയാണി കഴിക്കുന്നതിനടയിൽ ജിംബൂട്ടൻ ചോദിച്ചു.

‘പോവാം.’ നെക്ക് പീസ് കടിച്ചിറക്കുന്നതിനിടെ ഞാൻ പറഞ്ഞു.

ഗേറ്റ് തുറന്ന് പുറത്തേക്കിറങ്ങിയാൽ പിന്നെ ഒരു പഹയൻകയറ്റമാണ്. വീട് നോക്കാൻ ബ്രോക്കറുടെ കൂടെ വന്നപ്പോഴേ ഞാനത് അളന്നതാണ്, നാല്പത്തഞ്ചു ഡിഗ്രി എങ്കിലും വരും. അത്തരം കയറ്റങ്ങൾ വളഞ്ഞും പുളഞ്ഞും കയറുന്നതാണ് എന്റെ മറ്റൊരു ശീലം. അപ്പോൾ ആയാസം കുറയും. പക്ഷെ ഇപ്പോൾ കാലുകൾ ചെറുതായി പതറുന്നുണ്ട്. നീട്ടി ശ്വാസം വലിക്കുമ്പോൾ സ്വാതന്ത്ര്യം മണക്കുന്നതു പോലെ. എല്ലാം നിശ്ചലമാണ്. നമ്മളെ കൂടാതെ ആരും വഴിയിലില്ല.

ജങ്ഷനിലെത്തിയപ്പോൾ ഞാൻ തലയുയർത്തി ആകാശം നോക്കി. എന്റെ കൈ വിരലുകളിൽ മഞ്ഞ പറ്റിയിരിക്കുന്നു. പതിയെ, അത് ശരീരത്തിലാകമാനം വ്യാപിച്ചു തുടങ്ങി. വർണാന്ധതയുള്ള എനിക്ക്, കണ്ണുകളിൽ നിന്നും ആകാശത്തിലേയ്ക്കും, ചരിത്രത്തിൽ നിന്നു വർത്തമാനത്തിലേയ്ക്കും പടർന്നു തുടങ്ങിയ ആ മഞ്ഞ തെളിഞ്ഞു കാണാമായിരുന്നു.